ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കേരള സംസ്ഥാനത്തിൻ്റെ തെക്ക്- കിഴക്ക് ഭാഗത്തായി സഹ്യപർവ്വത സാനുക്കളോടു ചേർന്നു കിടക്കുന്ന പൊൻമുടി കുന്നുകൾ ഉൾപ്പെടെയുള്ള പ്രകൃതി രമണീയമായ ഒരു പ്രദേശത്താണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇവിടം വലിപ്പത്തിൽ സംസ്ഥാനത്തെ രണ്ടാമത്തേതും ജില്ലയിലെ ഒന്നാമത്തെതുമായ ബ്ലോക്കു പഞ്ചായത്താണ്. കിഴക്ക് അംബാ സമുദ്രം മുതൽ പടിഞ്ഞാറ് പോത്തൻകോട്, ചിറയിൻകീഴ് ബ്ലോക്ക് അതിർത്തി വരെയാണ് പ്രദേശത്തിൻ്റെ വിസ്‌തൃതി. തെക്ക് നെടുമങ്ങാട് ബ്ലോക്ക്, വടക്ക് കിളിമാനൂർ, ചടയമംഗലം, അഞ്ചൽ ബ്ലോക്കുകളുമാണ്. പൊന്മുടി, ബ്രൈമൂർ എന്നീ മലനിരകളിൽ നിന്നും ഉത്ഭവിച്ച് പടിഞ്ഞാറ് അഞ്ചുതെങ്ങ് കായലിൽ പതിക്കുന്ന വാമനപുരം നദി ഈ പ്രദേശത്തിൻ്റെ പ്രധാന ജല വാഹിനിയാണ്. പ്രദേശത്തിൻ്റെ ജല സമദ്ധി ഈ പ്രദേശത്തെ ആശ്രയിച്ചിരിക്കുന്നു.

മലമടക്കുകളും സമതല പ്രദേശങ്ങളും, പാറക്കെട്ടുകളും താഴ്വ‌ാരങ്ങളും, നീർച്ചോലകളും നിറഞ്ഞ പ്രദേശം. ഫലഭൂയിഷ്‌ടമായ മണ്ണും സമശീതോഷ്‌ണമായ കാലാവസ്ഥയും എല്ലാവിധമായ സസ്യജാലങ്ങളേയും വളർച്ചയ്ക്ക് സഹായിക്കുന്നു. നിത്യഹരിത വനങ്ങൾ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഔഷധ സമ്പത്തും വൈവിധ്യമാർന്ന ജീവജാലങ്ങളും, വിവിധങ്ങളായ വൃക്ഷ സമ്പത്തും പ്രദേശത്തെ സമ്പുഷ്ടമാക്കുന്നു. അപൂർവ്വയിനം ഓർക്കിഡുകൾ, ഔഷധങ്ങൾ, ജീവി വർഗ്ഗങ്ങൾ എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്.

മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് പശു, ആട്, കോഴി, താറാവ്, ചെറിയ തോതിൽ കാട വളർത്തൽ, മുയൽ, മത്സ്യം എന്നിവ വളർത്തി ആളുകൾ ഉപജീവനം കഴിക്കുന്നുണ്ട്.